കല്‍പ്പറ്റ: സംസ്ഥാന മുഖ്യമന്തി പദത്തിലേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ബത്തേരി നിയുക്ത എംഎല്‍എ ഐ.സി. ബാലകൃഷ്ണന്‍ പിന്തുണച്ചതില്‍ അമ്പരപ്പ് മാറാതെ വയനാട്ടിലെ രമേശ് ചെന്നിത്തല അണികള്‍.
ജില്ലയില്‍ ഐസി എന്ന ചുരുക്കപ്പേരില്‍ അറിയുന്ന ബാലകൃഷ്ണന്‍ നിര്‍ണായകഘട്ടത്തില്‍ ആര്‍സിയോട് കാട്ടിയത് നെറികേടാണെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് ജില്ലാ ഘടകത്തിലെ ചെന്നിത്തല വിഭാഗക്കാരില്‍ പലര്‍ക്കും.
സംസ്ഥാന മുഖ്യമന്ത്രിപദം ആര്‍ക്ക് നല്‍കണമെന്നതില്‍ നിയുക്ത കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഹിതം ആരായാനെത്തിയ എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കിനും അജയ് മാക്കനും മുമ്പാകെയാണ് ബാലകൃഷ്ണന്‍ കെ.സി. വേണുഗോപാലിനോടുള്ള താത്പര്യം വ്യക്തമാക്കിയത്.
രമേശ് ചെന്നിത്തലയ്ക്ക് രണ്ടാമത് പരിഗണനയാണ് ബാലകൃഷ്ണന്‍ നല്‍കിയത്. മുഖ്യമന്ത്രി വിഷയത്തില്‍ നിയുക്ത കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായം കേന്ദ്ര നേതാക്കള്‍ രേഖപ്പെടുത്തിയ പേപ്പറിന്‍റെ ഭാഗത്തിന്‍റെ ചിത്രം പ്രമുഖ ഇംഗ്ലീഷ് പത്രം പുറത്തുവിട്ടതോടെയാണ് ഐസിയുടെ നിലപാട് വെളിച്ചത്തായത്.
ജില്ലയില്‍നിന്നുള്ള മറ്റു നിയുക്ത എംഎല്‍എമാരായ ടി. സിദ്ദിഖ്(കല്‍പ്പറ്റ), ഉഷ വിജയന്‍(മാനന്തവാടി) എന്നിവരും കെസി മുഖ്യമന്ത്രിയാകണമെന്ന താത്പര്യമാണ് എഐസിസി നിരീക്ഷകരെ അറിയിച്ചത്. ജില്ലയില്‍നിന്നുള്ള മൂന്ന് നിയുക്ത എംഎല്‍എമാരില്‍ ഒരാള്‍ പോലും വി.ഡി. സതീശന്‍റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചില്ല.
ജില്ലയില്‍ ആര്‍സി ഗ്രൂപ്പിലെ പ്രധാനികളില്‍ ഒരാളായാണ് ബാലകൃഷ്ണന്‍. പലപ്പോഴും പ്രതിസന്ധി ഘട്ടങ്ങളില്‍ ബാലകൃഷ്ണന് രക്ഷാകവചം ഒരുക്കിയത് ചെന്നിത്തലയാണ്. ഏറ്റവും ഒടുവില്‍ ബത്തേരി മണ്ഡലത്തില്‍ തുടര്‍ച്ചയായ നാലാംതവണയും സീറ്റ് ഉറപ്പിക്കുന്നതിലും ചെന്നിത്തല വലിയ പങ്ക് വഹിച്ചു.
ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന വിവാദം, ഡിസിസി ട്രഷററായിരുന്ന എന്‍.എം. വിജയന്‍റെ ആത്മഹത്യ എന്നിവയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനാകുകയും കേസില്‍ ഉള്‍പ്പെടുകയും ചെയ്ത ബാലകൃഷ്ണന് സീറ്റ് നല്‍കരുതെന്ന നിലപാട് കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് ചെന്നിത്തല ശക്തമായി ഇടപെട്ട് ടിക്കറ്റ് ഉറപ്പിച്ചത്.